04:06pm 06 June 2026
NEWS
സ്ത്രീകൾക്ക് സൗജന്യമായി എവിടെ വേണമെങ്കിലും പോകണമെങ്കിൽ സർക്കാർ കണ്ടെത്തേണ്ടത് പ്രതിമാസം 112 കോടി രൂപ; കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്


06/06/2026  10:38 AM IST
nila
സ്ത്രീകൾക്ക് സൗജന്യമായി എവിടെ വേണമെങ്കിലും പോകണമെങ്കിൽ സർക്കാർ കണ്ടെത്തേണ്ടത് പ്രതിമാസം 112 കോടി രൂപ; കെഎസ്ആർടിസിയിലെ സൗജന്യ യാത്രയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ഭാവി ഇനി മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വിഷയത്തിൽ കെഎസ്ആർടിസി സമർപ്പിച്ച സാമ്പത്തിക റിപ്പോർട്ടുകൾ വിവിധ തലങ്ങളിൽ പരിശോധിച്ച ഗതാഗത വകുപ്പ്, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൈക്കൊള്ളാൻ വിട്ടിരിക്കുകയാണ്.

പദ്ധതി ഏത് വിഭാഗം ബസുകളിലേക്കാണ് വ്യാപിപ്പിക്കേണ്ടത്, യാത്രക്കാർക്ക് എന്തെങ്കിലും മാനദണ്ഡങ്ങൾ നിശ്ചയിക്കണമോയെന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇനി സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുക. സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാക്കിയാൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള വിശദമായ കണക്കുകളും കെഎസ്ആർടിസി ഗതാഗത വകുപ്പിന് കൈമാറിയിട്ടുണ്ട്.

നിലവിൽ പ്രതിദിനം 10 മുതൽ 12 ലക്ഷം വരെ സ്ത്രീകൾ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തൽ. സൗജന്യ യാത്രാ പദ്ധതി നടപ്പിലായാൽ ഈ എണ്ണം കൂടുതൽ ഉയരുമെന്ന പ്രതീക്ഷയും അധികൃതർക്കുണ്ട്.

റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം ഏകദേശം 112 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ നഷ്ടം 57 കോടിയായിരിക്കും. ഓർഡിനറിയും സിറ്റി ഫാസ്റ്റും ഉൾപ്പെടുത്തിയാൽ ഇത് 65 കോടിയായി ഉയരും. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കിയാൽ 90 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇതിനകം ശമ്പളവും പെൻഷനും നൽകുന്നതിനായി സർക്കാർ സാമ്പത്തിക സഹായം നൽകുന്ന സാഹചര്യത്തിൽ, ഈ അധിക ചെലവും സർക്കാർ തന്നെ വഹിക്കേണ്ടിവരുമെന്നതാണ് വിലയിരുത്തൽ. അതിനാൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.

സർക്കാർ നേരത്തെ പ്രഖ്യാപിച്ചതുപോലെ ജൂൺ 15നകം പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img